സ്ഥാനികര്‍

ആചാര്യന്‍: ബ്രഹ്മശ്രീ പുല്ലഞ്ചേരി ഇല്ലത്ത്  വിഷ്ണു നമ്പൂതിരിപ്പാട്‌

മേല്‍ശാന്തി: ശ്രീ മാങ്ങാട്ടില്ലത്ത് വാസുദേവൻ  നമ്പൂതിരി.

ആചാര്യന്‍   

      ആര്‍ഷ ഭാരത സംസ്കൃതിയെ തൊട്ടും തലോടിയും അനുഭവിച്ചും അറിഞ്ഞ പിതൃപിതാമഹ പിന്മുറക്കാരാണ് നാം.പാരമ്പര്യവും പൈതൃകവും ജീവിതചര്യയാക്കിയ, ഏറ്റവും മഹത്തരമെന്നു ലോകം വാഴ്ത്തുന്ന ഒരു സംസ്കാരത്തിന് ഉടമകളാണ് ഭാരതീയര്‍.ജ്ഞാനേന്ദ്രിയ കര്‍മ്മേന്ദ്രിയങ്ങള്‍ സമന്വയിപ്പിച്ച് സാധനാപഥത്തിലൂടെ നയിച്ചവരാണ് ആചാര്യന്മാര്‍.

  അവതാര പുരുഷനായ പരശുരാമനാല്‍ വടക്കേ മലബാറില്‍ സ്ഥാപിതമായ നാല് താന്ത്രിക-മാന്ത്രിക-ബ്രാഹ്മണ സമ്പ്രദായങ്ങളില്‍പെട്ട ‘പുല്ലഞ്ചേരിയാണ്  ( Pullancheri Illam ) അടിയേരിമഠത്തിന്റെ ഇപ്പോഴത്തെ ആചാര്യ സ്ഥാനമലങ്കരിക്കുന്നത്. അടിയേരി താവഴി അന്ന്യം നിന്നതിനാല്‍ 1996  ആണ്ടില്‍ നവീകരണ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ സ്വര്‍ണ്ണപ്രശ്ന വിധിപ്രകാരം തൊട്ടടുത്ത സമ്പ്രദായമായ പുല്ലഞ്ചേരി ഇല്ലത്തെ ആചാര്യവരണം നടത്തി അധികാരപ്പെടുത്തുകയുണ്ടായി.

    ഭൈരവാദി പഞ്ചമൂര്‍ത്തികളെ  പൂജിച്ച് ആരാധിക്കുന്ന പുല്ലഞ്ചേരി മനയിലെ പ്രധാന ആരാധനാമൂര്‍ത്തി ശ്രീ ഭൈരവനാണ്. മണിചൂരല്‍കോലും ഭിക്ഷയേറ്റുണ്ണുന്ന ഭാജനവും കൈയ്യിലേന്തി ആശ്രിതരുടെ ദുഖം തീര്‍ത്തു വരം കൊടുക്കുന്ന ‘ഭൈരവന്‍’ ബ്രഹ്മശിരസറുത്ത പാപം തീര്‍ക്കാന്‍ കപാലമേന്തി ഭിക്ഷാടനത്തിനിറങ്ങിയ സാക്ഷാല്‍ പരമശിവന്‍ തന്നെയാണ്.

     ആ ശിവഭഗവാനെയും പൂര്‍ണശക്തിസ്വരൂപിണിയായ സാക്ഷാല്‍ പാര്‍വതി ദേവിയെയുമാണ് അടിയേരിമഠത്തില്‍ ഒരു ശ്രീകോവിലില്‍ പ്രതിഷഠിച്ച് ആരാധിക്കുനത്. രണ്ടു സമ്പ്രദായങ്ങളിലെയും പ്രധാന മൂര്‍ത്തികളെ ഒരുമിച്ചു യഥാര്‍ത്ഥ ശിവശക്തി സ്വരൂപത്തില്‍ (ഭഗവതി, ഭൈരവന്‍) ആരാധിക്കുമ്പോള്‍ ചൈതന്യം ഉജ്വലമാകുന്നു. ആയതുപോലെ തന്നെ രണ്ടു സമ്പ്രദായങ്ങളും സംഗമിച്ചിരിക്കുകയണിപ്പോള്‍. അടിയേരി സമ്പ്രദായത്തിലെ അവസാനത്തെ ആചാര്യന്‍ തന്നിലുള്ള സിദ്ധികള്‍ക്കാധാരമായതും സുപ്രധാനങ്ങളുമായ താന്ത്രിക ലിഖിത ഗ്രന്ഥങ്ങള്‍ അടുത്ത താന്ത്രിക പീഠമായ പുല്ലഞ്ചേരിയില്‍ സമര്‍പ്പിച്ചുവെന്നു ഐതീഹ്യമുണ്ട്. രണ്ടു സമ്പ്രദായങ്ങളുടെയും സംഗമത്തിന് ഈയൊരു പൌരാണിക ബന്ധവും നിമിത്തമായിരിക്കാം.

     സര്‍വ്വതിന്‍റെയും ആധാരമായിട്ടുള്ള പ്രകൃതി സ്വരൂപിണിയായ  ജഗദംബിക സാക്ഷാല്‍ പാര്‍വതീദേവിയാണ് അടിയേരിമഠത്തിലെ ആരാധനാ മൂര്‍ത്തികളില്‍ പ്രഥമസ്ഥാനത്തുള്ളത്. ആയതുകൊണ്ടാകാം നാലു സമ്പ്രദായങ്ങളില്‍ അടിയേരിക്ക് പ്രഥമ സ്ഥാനവും സാക്ഷാല്‍ ശിവഭഗവാന്‍ കുടികൊള്ളുന്ന പുല്ലഞ്ചേരി തൊട്ടടുത്ത സ്ഥാനത്തുമുള്ളത്.

     ബ്രഹ്മശ്രീ വിഷ്ണുനമ്പൂതിരിപ്പാടാണ് പുല്ലഞ്ചേരി സമ്പ്രദായത്തിലെ ഇപ്പോഴത്തെ ആചാര്യന്‍. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ക്ഷേത്രങ്ങളുടെ തന്ത്രികാചാര്യസ്ഥാനവും പുല്ലഞ്ചേരി ഇല്ലത്തിനുണ്ട്. ദുരിതശമനത്തിനും പരിഹാരങ്ങള്‍ക്കും സാമ്പ്രദായിക താന്ത്രിക കര്മ്മങ്ങള്‍ക്ക്മായി അന്ന്യദേശങ്ങളില്‍ നിന്നുപോലും നിരവധി ആളുകളാണ് പുല്ലഞ്ചേരി ഇല്ലത്തെ ആശ്രയിക്കുന്നത്.

     കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്തുള്ള പാട്യം-പുതിയതെരു എന്ന സ്ഥലത്താണ് പുല്ലഞ്ചേരി ഇല്ലം  ( Pullanchery Illam ) സ്ഥിതി ചെയ്യുന്നത്. 

ഫോണ്‍ നമ്പര്‍ 9447519787.